കണ്ണൂർ : മെഡിക്കൽ പരിശോധനയ്ക്കായി ടൗൺ പോലീസ് ജില്ലാ ആസ്പത്രിയിലെത്തിച്ച യുവാവ് ആസ്പത്രിയിൽ അക്രമാസക്തനായി.യുവാവിന്റെ അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.കാഷ്വാലിറ്റിയുടെ ചില്ലും ഫർണിച്ചറും യുവാവ് ഇടിച്ചുതകർത്തു. കക്കാട് സ്വദേശി കെ.യാസർ അറാഫത്താണ് (28) അക്രമം കാട്ടിയത്.
ടൗൺ എസ്.ഐ എ.ഇബ്രാഹിം, സിവിൽ പോലീസ് ഓഫീസർമാരായ കെ.നവീൻ, കെ.സുധീഷ്, എം.ടി.അനൂപ്, ടാക്സി ഡ്രൈവർ കടാങ്കോട് സ്വദേശി എൻ.നവാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം.മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ കക്കാട്ടുനിന്ന് പിടികൂടിയത്.
കക്കാട് കോർജാൻ സ്കൂളിന് സമീപം യുവാവ് കാറിനുനേരേ അതിക്രമം കാട്ടുന്നുവെന്ന വിവരത്തെത്തുടർന്നാണ് ടൗൺ പോലീസ് അവിടെയെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് ആസ്പത്രിയിലെത്തിച്ച ഇയാൾ അവിടെനിന്ന് പോലീസിനുനേരെ അക്രമം തുടങ്ങി. ഇതോടെ കൂടുതൽ പോലീസെത്തി ഇയാളെ കീഴ്‍പ്പെടുത്തുകയായിരുന്നു.കൈ പുറകിൽ ബന്ധിച്ച ഇയാൾ തല കൊണ്ടാണ് പോലീസിനെ ആക്രമിച്ചതും ചില്ല് അടിച്ചുതകർത്തതും. ഇയാളുടെ അതിക്രമം രോഗികളിലും കൂട്ടിരിപ്പുകാരിലുമുൾപ്പെടെ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.