മട്ടന്നൂർ ∙ സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കു പരിശോധന ഏർപ്പെടുത്തി. ഇന്നലെ രാത്രി മുതലാണു പരിശോധന തുടങ്ങിയത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യാന്തര അറൈവൽ വിഭാഗത്തിൽ 2 ഡെസ്കുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണം ഉള്ളവരെയും മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ 21 ദിവസം യാത്ര ചെയ്തവരെയും പ്രത്യേകമായി പരിശോധിക്കും. വിദേശത്ത് നിന്നു വരുന്ന യാത്രക്കാർക്കു വിവിധ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകും.
അതിൽ വരുന്ന രാജ്യം, എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ എല്ലാം രേഖപ്പെടുത്തണം. യാത്രക്കാർ നൽകുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. രോഗ ലക്ഷണങ്ങൾ ഉണ്ടെന്നു പറഞ്ഞു സമീപിക്കുന്നവരെയും രോഗം സംശയിക്കുന്നവരെയും ആശുപത്രിയിൽ കൊണ്ടുപോയി സാംപിൾ പരിശോധനയ്ക്കു വിധേയരാക്കും. 24 മണിക്കൂറും ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരും. വിമാനത്താവളത്തിൽ പരിശോധനാ ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഇംഗ്ലിഷിലും മലയാളത്തിലും അനൗൺസ് ചെയ്യും.