വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര സർവീസുകൾ, വിദേശത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും. വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. 12ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന സംഘം 13, 14 തീയതികളിൽ ഡൽഹിയിലുണ്ടാകും.
നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്തുന്ന ഗോ ഫസ്റ്റ്, ഇൻഡിഗോ, എയർഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വിസ്താര, സ്പൈസ് ജെറ്റ്, ജെറ്റ് എയർവെയ്സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും യാത്ര ലക്ഷ്യമിടുന്നു.
രാജ്യാന്തര വിമാനത്താവളത്തിന്‍റെ നാലാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ 9ന് ആദ്യ യാത്രക്കാരുടെ കുടുംബാംഗങ്ങളുടെ സംഗമവും കണ്ണൂരിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കോഓർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ, അബ്ദുൽ ലത്തീഫ് കെ.എസ്.എ, അബ്ദുൽ ഖാദർ പണക്കാട്ട്, ജയദേവ് മാൽഗുഡി, എസ്.കെ. ഷംസീർ, ബൈജു കുണ്ടത്തിൽ, ഫൈസൽ മുഴപ്പിലങ്ങാട്, സദാനന്ദൻ തലശ്ശേരി, എൻ.പി.സി. രംജിത് തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണൂർ വിമാനത്താവളം; ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും
Image Slide 3
Image Slide 3