കണ്ണൂര്‍ അഞ്ചരക്കണ്ടി ആനേനിമെട്ടയില്‍ അയല്‍വാസികള്‍ അനുഷ്ഠിക്കുന്ന ആഭിചാരക്രിയ മൂലം കഴിഞ്ഞ പത്തുവര്‍ഷമായി ഒരു കുടുംബം നരക യാതന അനുഭവിക്കുന്നതായി പരാതി.അഞ്ചരക്കണ്ടി ആനേനി മെട്ടയിലെ ഗള്‍ഫുകാരനായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യം ചിഹ്‌നമായി മാറിയത്.
തൊട്ടരികിലെ പഞ്ചായത്ത് റോഡിനു അപ്പുറം താമസിക്കുന്ന സൈനബയും മകളും മകനുമടങ്ങുന്ന കുടുംബമാണ് ഇവരെ കഴിഞ്ഞ പത്തുവര്‍ഷമായി ദ്രോഹിക്കുന്നത്.ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും എതിര്‍കക്ഷി സ്ത്രീയും മകളുമായതിനാല്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഷനില പറയുന്നത്.
ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.വിദ്യാര്‍ത്ഥികളായ മകനും മകളും അടങ്ങുന്നതാണ് കുടുംബം. ഏതോ മന്ത്രവാദിയുടെ ഉപദേശപ്രകാരം എല്ലാ വെള്ളിയാഴ്ച്ചയും പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്‍ക്കുന്ന സൈനബയും മക്കളും മലം ബക്കറ്റില്‍ കലക്കി കുഴമ്പുരൂപത്തിലാക്കി അവരുടെ വീടിനു മുന്‍പിലെ റോഡിലേക്ക് ഒഴിക്കുകയാണെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ചെടിചട്ടിയും കസേരകളും തകര്‍ത്തുവെന്നും സനില പറയുന്നു.
കോളേജില്‍ പോകുന്ന തന്റെ മകനെ കുട്ടിച്ചാത്തനെന്നു വിളിക്കുകയും കിണറ്റില്‍ തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തുന്നതായി സനില പറയുന്നു. പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി പരിശോധന നടത്തിയെങ്കിലും നടപടിയെടുത്തില്ല. വീട്ടില്‍ സിസിടിവി ക്യാമറ വെച്ചപ്പോള്‍ അല്‍പം ശമനമുണ്ടായെങ്കിലും പിന്നീട് പൂര്‍വാധികം ശക്തിയായി തുടരാകയാണെന്നും ശിവപ്രസാദിന്റെ ഭാര്യ ഷനില പറയുന്നു.
ഷനിലയ്ക്കും അയല്‍വാസികള്‍ക്കും ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ പറയുന്നു.പഞ്ചായത്ത് പ്രസിഡന്റ് എ കെ ലോഹിതാക്ഷന്റെ നിര്‍ദ്ദേശപ്രകാരം പൊലിസും ആരോഗ്യവകുപ്പ് അധികൃതരും പരിശോധിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നു ഷനിലയുടെ സഹോദരന്‍ പറയുന്നു.
നാട്ടില്‍ മറ്റാരുമായി ബന്ധമില്ലാതെയാണ് സൈനബയുടെ കുടുംബം കഴിയുന്നത്.പള്ളി കമ്മിറ്റിയില്‍ പരാതി നല്‍കിയതിന്റെ ഭാഗമായി ഭാരവാഹികള്‍ ഇടപെട്ടുവെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഷനിലയുടെ പരാതിയില്‍ നിരവധി തവണ പൊലിസ് പിടികൂടിയെങ്കില്‍ ഇവരെ വെറുതെ വിടുകയായിരുന്നു. വീടുവിറ്റു പോകുന്നതുവരെ ദോഷം മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സൈനബ പോലീസിനോട് പറഞ്ഞത്.
ആരോഗ്യവകുപ്പും പഞ്ചായത്തും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിനായി ജില്ലാകലകടര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഷനില പറഞ്ഞു.