കണ്ണൂര്‍ : ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവും ലോക പ്രശസ്ത ഷൂട്ടിംഗ് താരവുമായ അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പാര്‍ട്ണറായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെയും സീനിയർ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ശ്രീഹരി സി കെ യെയും തെരഞ്ഞെടുത്തു. കായിക രംഗത്ത് അതിനൂതനമായ സൗകര്യങ്ങള്‍ ലഭ്യമാക്കുക, കായികതാരങ്ങളുടെ പരിക്കുകളും മറ്റും ഏറ്റവും മികച്ച രീതിയില്‍ ചികിത്സിച്ച് ഭേദമാക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള അനേകം ലക്ഷ്യങ്ങളോടെയാണ് അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ കായിക താരങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന മേഖലയിലാണ് ആസ്റ്റർ മിംസ് കണ്ണൂരുമായുള്ള സഹകരണം ഉറപ്പ് വരുത്തിയിരിക്കുന്നത്. അഭിനവ് ബിന്ദ്ര ഫൗണ്ടേഷനുമായി സഹകരിക്കുന്നതിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ സേവനം രാജ്യത്തുടനീളമുള്ള കായിക താരങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും. സ്‌പോര്‍ട്‌സ് മെഡിസിന്‍, ആര്‍ത്രോസ്‌കോപ്പി, ജോയിന്റ് റീപ്ലേസ്‌മെന്റ് തുടങ്ങിയ ചികിത്സാ മേഖലകളില്‍ കൈവരിച്ച വൈദഗ്ദ്ധ്യവും ശ്രദ്ധേയങ്ങളായ നേട്ടങ്ങളുമാണ് ആസ്റ്റർ മിംസുമായി സഹകരിക്കുന്നതിന് ഡോ. അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ മാനദണ്ഡമായി പരിഗണിച്ചത്. ഡോ. ശ്രീഹരിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ രാജ്യത്തിന്റെ കായികമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിനവ് ബിന്ദ്ര ഫൌണ്ടേഷൻ അഭിപ്രായപ്പെട്ടു.