/
11 മിനിറ്റ് വായിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവ് എത്തിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ സെൻട്രൽ ജയിലിലെ പാചകപുരയിലെ പച്ചക്കറി കൂമ്പാരത്തിൽ പരിശോധനക്കിടെ പാക്കറ്റുകളിലായി സൂക്ഷിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ കഞ്ചാവ് എത്തിച്ച ഓട്ടോയും ഡ്രൈവറും അറസ്റ്റിൽ. കാസറഗോഡ് ഉദുമ ബാര സ്വദേശി കണ്ടത്തിൽ മുഹമ്മദ് ബഷീറിനെ (50)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും കാസറഗോഡ് വെച്ച് പിടികൂടിയത്.

കഞ്ചാവ് എത്തിച്ച കെ.എൽ. 14. എം. 9991 നമ്പർ ഓട്ടോയും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 15 ന് ഉച്ചക്ക് 12.30 മണിയോടെയാണ് സെൻട്രൽ ജയിലിലെ പാചകപുരയിൽ സൂക്ഷിച്ച പച്ചക്കറിക്കിടയിൽ നിന്ന് പൊതികളാക്കിയ രണ്ടേമുക്കാൽ കിലോ കഞ്ചാവ് ജയിൽ അധികൃതർ കണ്ടെത്തിയത്.

തുടർന്ന് ജയിൽ സൂപ്രണ്ട് ആർ.സാജൻ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറയിൽ നിന്ന് കാസറഗോഡ് രജിസ്ട്രേഷനുള്ള പച്ചക്കറി കൊണ്ടുവന്ന ഓട്ടോയെ തിരിച്ചറിഞ്ഞിരുന്നു .വാഹനത്തിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങാതെ ഇരുന്ന് ചുറ്റും നിരീക്ഷിക്കുന്ന ദൃശ്യം ലഭിച്ചിരുന്നു .

ഡ്രൈവറെ തിരിച്ചറിയാൻ കഴിയും വിധത്തിൽ ദൃശ്യം വ്യക്തമല്ലാത്തതിനാൽ വണ്ടി നമ്പർ പിൻതുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ കാസര്‍കോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ കരാര്‍ അടിസ്ഥാനത്തില്‍ ഓടിച്ചിരുന്ന കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അന്വേഷണ സംഘത്തിൽ എഎസ് ഐ.മാരായഅജയൻ, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ രാജേഷ്, മയക്കുമരുന്ന് വേട്ട സംഘത്തിലെ ഡാൻസാഫ് സ്ക്വാഡംഗങ്ങളും ഉണ്ടായിരുന്നു.

പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജയിലില്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ ജയില്‍ ഡി. ജി.പി റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. ജയില്‍ സുരക്ഷയുടെ കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!