കണ്ണൂര്‍ കോര്‍പ്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അ ജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെ തിരെ കര്‍ശന നടപടിയുമായി അധികൃതര്‍. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഫ്‌ളാറ്റുകളും അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. ഹരിതകര്‍മസേനയിൽ രജിസ്റ്റര്‍ ചെയ്തു ജൈവ മാലിന്യങ്ങള്‍ സ്വന്തമായും അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറാനുമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇനിയും ചിലര്‍ ഹരിതകര്‍മസേനയ്ക്ക് അജൈവമാലിന്യങ്ങള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് പിഴചുമത്തല്‍, കോര്‍പ്പറേഷനിലെ അവശ്യ സേവനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന ഓരോ കുടുംബങ്ങളും വെവ്വേറെ ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത് മാലിന്യങ്ങള്‍ കൈമാറണം.നിലവിൽ പല ഫ്ലാറ്റുകളും പൂർണ തോതിൽ മാലിന്യ നീക്കവുമായി സഹകരിക്കുന്നില്ലന്ന് പരാതി ഉയർന്നിട്ടുണ്ട്.ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സേനാംഗങ്ങള്‍ നിശ്ചയിച്ച തുക ഈടാക്കി വീടുകളിലെത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ എത്തിച്ച് സംസ്കരിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ഓരോ വീടും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും, ഹരിതകര്‍മസേനാംഗങ്ങളും നേരിട്ട് പരിശോധിച്ച് നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 90 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും, മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നതും, പ്ലാസ്റ്റിക് മാലിന്യ കത്തിക്കുന്നതും കണ്ടെത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിഴഅടുപ്പിക്കുന്നതിന് പുറമെ വാഹനം ഇനി വിട്ടുനല്‍കില്ല. ഹരിതകര്‍മസേനയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയവര്‍ അടിയന്തിരമായി വാര്‍ഡ് കൗണ്‍സിലര്‍മാരെയോ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ്, സോണല്‍ ഡിവിഷന്‍ ഓഫീസുകളുമായി അടിയന്തിരമായി ബന്ധപെട്ട് രജിസ്‌ട്രേഷൻ നടത്തി പിഴ, മറ്റു നിയമ നടപടിയിൽ നിന്നും ഒഴിവായി മാലിന്യ മുക്ത കണ്ണൂർ പദ്ധതിയുമായി സഹകരിക്കണമെന്ന് മേയർ ടി. ഒ. മോഹനൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജേഷ്,
ക്ലീന്‍ സിറ്റി മാനേജര്‍ പി.പി. ബൈജു എന്നിവര്‍ അറിയിച്ചു
കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ഹരിതകര്‍മസേന
Image Slide 3
Image Slide 3