കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൊളിച്ചുമാറ്റുന്നതിൽ 115 വർഷം പഴക്കമുള്ള ‘പൈതൃക’ കെട്ടിടവും.പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഹാളും ചേമ്പറും ഓഫീസും കുടുംബകോടതിയുടെ ഓഫീസും പുരാതന രേഖകൾ സൂക്ഷിക്കുന്ന രണ്ട് റെക്കോഡ് മുറികളും ഉൾക്കൊള്ളുന്നതാണ് ഈ പൗരാണിക കെട്ടിടം.
1907-ൽ നിർമിച്ച കെട്ടിടം ഉത്തരമലബാറിലെ ഏറ്റവും പഴക്കമുള്ള കോടതിക്കെട്ടിടങ്ങളിലൊന്നാണ്. ആദ്യത്തെ മുൻസിഫ് കോടതി പ്രവർത്തിച്ചിരുന്നത് ചാവശ്ശേരിയിലായിരുന്നു. പിന്നീടാണ് കണ്ണൂരിലേക്ക് മാറിയത്. 1820 മുതലുള്ള വസ്തുസംബന്ധമായ വ്യവഹാരങ്ങളുടെ രേഖകൾ ഈ കോടതിയുടെ റെക്കോഡ് മുറിയിലുണ്ട്.
ചൂട് കുറയ്ക്കുന്നതിനായി ഉയരത്തിലാണ് ഈ കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചിരിക്കുന്നത്. മരത്തിന്റെ കഴുക്കോലിൽ പ്രത്യേക പലകയോട് നിരത്തിയിട്ടുണ്ട്. അതിന് മുകളിലാണ് മേച്ചിലോട് പാകിയിട്ടുള്ളത്. കരിങ്കല്ല് പാകിയതാണ് തറ. കെട്ടിടം ഇപ്പോഴും സുരക്ഷിതം.
മുമ്പ് ഫാൻ പ്രചാരത്തിലില്ലാത്തതിനാൽ ന്യായാധിപന്മാരെ വീശാൻ പങ്കക്കാരൻ എന്ന പ്രത്യേക തസ്തികയുണ്ടായിരുന്നു. ന്യായാധിപന്റെ മുകളിൽ തൂങ്ങുന്ന പ്രത്യേക പങ്ക ചരടിൽ ബന്ധിപ്പിച്ച് ഹാളിന് പുറത്തുവെച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. അതിന്റെ സാമഗ്രികൾ ഇപ്പോഴുമുണ്ട്.
കെട്ടിടത്തിലെ രേഖകൾ ബുധനാഴ്ചയ്ക്കുള്ളിൽ മാറ്റണമെന്നാണ് ഹൈക്കോടതിയിൽനിന്നുള്ള ഉത്തരവ്. ഈ കെട്ടിടം പൊളിക്കുമ്പോൾ മുൻസിഫ് കോടതിയുടെയും കുടുംബകോടതിയുടെയും ഓഫീസ് പ്രവർത്തിക്കുന്നതിന് ഗവ. മൃഗാസ്പത്രിയോടനുബന്ധിച്ചുള്ള കെട്ടിടം കളക്ടർ താത്‌കാലികമായി അനുവദിച്ചെങ്കിലും മൃഗസംരക്ഷണവകുപ്പ് ഇടപെട്ട് അനുമതി നിഷേധിച്ചു.
റെക്കോഡ് മുറിക്കായി മജിസ്ട്രേട്ടുമാരുടെ അഞ്ച് ക്വാർട്ടേഴ്സുകളിൽ നാലെണ്ണം ഉപയോഗിക്കും. ഒന്ന് ബാർ അസോസിയേഷൻ ഓഫീസിനും ലൈബ്രറിക്കും.മജിസ്ട്രേട്ടുമാർക്ക് താമസിക്കാൻ വേറെ സൗകര്യം കണ്ടെത്തും.
പുതിയ പോക്സോ കോടതി രണ്ടുമാസത്തിനുള്ളിൽ
പുതിയ പോക്സോ കോടതി രണ്ടുമാസത്തിനുള്ളിൽ കണ്ണൂരിൽ സ്ഥാപിക്കും.ബാർ അസോസിയേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിലാണ് ഈ കോടതി പ്രവർത്തിക്കുക. താഴത്തെ നിലയിൽ കുടുംബകോടതിയും.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അടുത്തമാസം നടത്തുമെന്നാണറിയുന്നത്. ഹൈക്കോടതി ജഡ്ജിയായിരിക്കും നിർവഹിക്കുക.
അഞ്ചുനിലക്കെട്ടിടത്തിന്റെ നിർമാണത്തിനുള്ള 25 കോടി രൂപ നേരത്തേ അനുവദിച്ചു. രണ്ട് മുനിസിഫ് കോടതികൾ, സബ്കോടതി, രണ്ട് മജിസ്ട്രേട്ട് കോടതികൾ, കുടുംബക്കോടതി, മൊബൈൽ കോടതി എന്നിവയാണ് കണ്ണൂരിൽ പ്രവർത്തിച്ചുവരുന്നത്. പോക്സോ കോടതി വരുന്നതോടെ കോടതികളുടെ എണ്ണം എട്ടാവും.