കണ്ണൂർ : സംസ്ഥാനത്ത് ആറുശതമാനം കുടുംബങ്ങൾ സ്വന്തമായി ഭക്ഷണം കണ്ടെത്താൻ കഴിയാത്തവരാണെന്നും ആറുമാസത്തിനകം അവരെ കണ്ടെത്തി ദിവസവും ഭക്ഷണം നൽകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന ഓണം വാരാഘോഷം കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. പി. സന്തോഷ്‌കുമാർ എം.പി., കെ.വി. സുമേഷ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ മുഖ്യാതിഥികളായി. സിനിമാതാരം രമേഷ് പിഷാരടി വിശിഷ്ടാതിഥിയായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കളക്ടർ എസ്. ചന്ദ്രശേഖർ, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, അസി. കളക്ടർ മിസൽ സാഗർ ഭരത്, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. 12 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതൽ കലാപരിപാടികൾ നടക്കും.