പയ്യന്നൂർ: ഇതരമതസ്ഥയായ യുവതിയെ മകൻ വിവാഹം ചെയ്തതിനെ തുടർന്ന് ക്ഷേത്രത്തിൽ മറത്തുകളിക്ക് വിലക്കേർപ്പെടുത്തിയ വിനോദ് പണിക്കർ വെള്ളിയാഴ്ച കരിവെള്ളൂർ ടൗണിൽ മറത്തുകളിയവതരിപ്പിക്കും. പുരോഗമന കലാസാഹിത്യവേദിയാണ് വേദിയൊരുക്കുന്നത്.വിനോദ് പണിക്കർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റിയുടെ സാംസ്കാരിക സായാഹ്നത്തിലായിരിക്കും മറത്തുകളിയുണ്ടാവുക. സാംസ്കാരിക സായാഹ്നത്തോടനുബസിച്ച് 4.30ന് ചിത്രകാരന്മാരുടെ സംഗമം, അഞ്ചിന് സാംസ്കാരിക സദസ്സ് എന്നിവ ഉണ്ടായിരിക്കും. തുടർന്നായിരിക്കും വിനോദ് പണിക്കരും അണ്ടോൾ ഭാസ്കരൻ പണിക്കരും തമ്മിലുള്ള മറത്തുകളി അരങ്ങേറുക.സാംസ്കാരിക സദസ്സിൽ ഇ.പി. രാജഗോപാലൻ, മനോജ് കാന, എം.കെ. മനോഹരൻ, കെ.വി. മോഹനൻ, നാരായണൻ കാവുമ്പായി, ഗണേഷ് കുമാർ കുഞ്ഞിമംഗലം,ജിനേഷ് കുമാർ എരമം, സി.എം. വിനയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ചിത്രകാരന്മാരുടെ സംഗമം ഗണേഷ് കുമാർ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്യും. കരിവെള്ളൂരിലെ ക്ഷേത്ര കമ്മിറ്റി വിനോദ് പണിക്കരെ ഇക്കൊല്ലത്തെ പൂരോത്സവത്തിനായി നേരത്തേ ഏൽപിച്ചിരുന്നുവെങ്കിലും പകരം മറ്റൊരാളെ ഏൽപിച്ച് കളി നടത്തുകയായിരുന്നു. ഇത് വൻ പ്രതിഷേധത്തിനിടയാക്കി.