കണ്ണപുരം :ഉത്തർപ്രദേശിൽനിന്ന് കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ പിടികൂടി. പതിനായിരത്തിലേറെ കപ്പാസിറ്ററുകളാണ് കണ്ണപുരം പൊലീസ് പിടികൂടിയത്. അന്വേഷകസംഘത്തെ വെട്ടിച്ച് നിർമാണ സംഘത്തലവൻ രക്ഷപ്പെട്ടു. ഉത്തർപ്രദേശ്, ചെന്നൈ കേന്ദ്രീകരിച്ചുള്ള വൻസംഘമാണ് നിർമാണത്തിന് പിന്നിൽ. പിടികൂടിയ കപ്പാസിറ്ററുകളും നിർമാണസാമഗ്രികളും കെൽട്രോണിന്റെ ഡൽഹി ഓഫീസിലേക്ക് മാറ്റി. യുപിയിലെ ചേരിപ്രദേശത്തെ കുടിലുകൾ കേന്ദ്രീകരിച്ചാണ് കപ്പാസിറ്റർ നിർമിക്കുന്നത്. കെൽട്രോൺ കപ്പാസിറ്ററുകളോട് ഏറെ സാമ്യമുള്ള നിലയിലാണ് നിർമാണം. വയർ ഘടിപ്പിക്കുന്നതിൽ മാത്രമാണ് വ്യത്യാസമുള്ളത്. റെയ്ഡ് വിവരം അറിഞ്ഞ സംഘത്തലവൻ മുങ്ങിയെങ്കിലും നിർമാണത്തിലേർപ്പെട്ടവരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മിക്കവരും 18വയസിൽ താഴെയുള്ളവരാണ്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേരളം, കർണാടകം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇവ വിൽക്കുന്നത്.യുപിയിൽനിന്ന് തയ്യാറാക്കുന്ന കപ്പാസിറ്ററുകൾ ചെന്നൈ സെൻട്രലിലെ സ്ഥാപനം മുഖേനയാണ് ഏജൻസികൾക്ക് എത്തിക്കുന്നത്. പൂർണമായും ഓൺലൈൻ ഇടപാടിലൂടെയാണ് കൈമാറ്റങ്ങൾ.യുപിയിലെ റെയ്ഡ് വിവരം അറിഞ്ഞതോടെ ചെന്നൈയിലെ സ്ഥാപനം അടച്ചു. കണ്ണപുരം സിഐയുടെ നേതൃത്വത്തിൽ രണ്ട് എസ്ഐമാരും ഒരുസീനിയർ സിവിൽ പൊലീസ് ഓഫീസറുമാണ് റെയ്ഡ് നടത്തിയത്. പൊലീസ് സംഘം നാട്ടിൽ തിരിച്ചെത്തിയെങ്കിലും പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാങ്ങാട്ടുപറമ്പിലെ കെൽട്രോൺ കോംപോണന്റ് കോംപ്ലക്സിൽ നിർമിക്കുന്ന കപ്പാസിറ്ററുകൾക്ക് വിപണിയിൽ നല്ല ഡിമാന്റാണ്. മാർക്കറ്റിങ് ഏജൻസികൾ വഴിയാണ് വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമാണെന്നുള്ള വിവരം കെൽട്രോൺ അധികൃതർക്ക് ലഭിച്ചത്. നേരിട്ട് പരിശോധിക്കുകയും വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷമാണ് കെൽട്രോൺ അധികൃതർ കണ്ണപുരം പൊലീസിൽ പരാതി നൽകിയത്.