സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ് സ്പോർട്സ് അക്കാദമിയുടെ ഭാഗമായ വോളിബോൾ ടീമിൻറെ ജേഴ്സി പ്രകാശനം പറശ്ശിനിക്കടവ് തവളപ്പാറയിലെ ഓഫീസ് സമുച്ചയത്തിൽ വച്ച് നടന്നു. ഇന്ത്യൻ വോളിബോൾ ടീം കോച്ചും, കേരള ടീം കോച്ചും ആയ മുൻ സർവീസസ് താരം ശ്രീ ഇ കെ രഞ്ജൻ ജേഴ്സി പ്രകാശനം നിർവഹിച്ചു. കേരളത്തിൻറെ വോളിബോൾ ചരിത്രത്തിൽ തന്നെ സൈനിക കൂട്ടായ്മയുടെ ഒരു ടീം ടൂർണമെന്റിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടാണ് എന്നും കണ്ണൂരിന്റെ യുവതലമുറയ്ക്ക് കായിക വിനോദത്തോടുള്ള പ്രതിബദ്ധതയും സ്നേഹവും ഊട്ടിയുറപ്പിക്കുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്നും ഇത്തരം കാഴ്ചപ്പാടുകളിലൂടെ നമ്മുടെ രാജ്യത്തിന് പേരും പ്രശസ്തിയും നേടിത്തരുന്ന നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ ടീം കണ്ണൂർ സോൾജിയേഴ്സിന് സാധിക്കുമെന്നും ശ്രീ ഇ കെ രഞ്ജൻ ജേഴ്സി പ്രകാശനം ചെയ്തുകൊണ്ട് ആശംസിച്ചു . പ്രസ്തുത പരിപാടിയിൽ ടീം കണ്ണൂർ സോൾജിയേഴ്സിന്റെ വനിതാ വിങ്ങിന്റെ ഔദ്യോഗിക മെമ്പർഷിപ്പ് വിതരണം ശ്രീമതി സബീന ബാബുവിന് ആദ്യ മെമ്പർഷിപ്പ് കൈമാറിക്കൊണ്ട് ടീം കണ്ണൂർ സോൾജിയേഴ്സ് പ്രസിഡണ്ട് ശ്രീ ലിജേഷ് ഊരത്തൂർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീ വിനോദ് എളയാവൂർ ആശംസയും ജോ: സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ പരിയാരം സ്വാഗതവും ട്രഷറർ ശ്രീ മനോജ് ബ്ലാത്തൂർ നന്ദിയും അർപ്പിച്ച് സംസാരിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സിന്റെ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് വർണ്ണാഭമായ ചടങ്ങിന് നിരവധി പേരാണ് സാക്ഷികൾ ആയത്. മുൻ ഇന്ത്യൻ ജൂനിയർ വോളിബോൾ ടീം താരമായിരുന്ന ശ്രീ ജുബി ജോസ് കോച്ചും ശ്രീ സൈജു കൊറ്റാളി മാനേജരുമായ ടീം നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ അണിനിരത്തിക്കൊണ്ട് വേങ്ങാട് നാഷണൽ വോളി യിലൂടെയാണ് ടീം കണ്ണൂർ സോൾജിയേഴ്സിന്റെ വോളിബോൾ ടീം മാർച്ച് 9ന് ആദ്യ മത്സരത്തിനിറങ്ങുന്നത്.