/
9 മിനിറ്റ് വായിച്ചു

‘മലബാറിലെ യാത്രക്കാരുടെ ചിരകാല സ്വപ്നം’; കണ്ണൂർ–പോണ്ടിച്ചേരി കെ–സ്വിഫ്റ്റ് സർവ്വീസ് സെപ്തംബർ 3 മുതൽ

കണ്ണൂർ – പോണ്ടിച്ചേരി കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് സെപ്തംബർ മൂന്നാം തീയതി മുതൽ ആരംഭിക്കും. ഇതോടെ മലബാറിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മൂന്നാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് സർവ്വീസിന് തുടക്കം കുറിയ്ക്കുക.

മാഹി പ്രദേശത്തുള്ളവർക്ക് എല്ലാ ആവശ്യങ്ങൾക്കും പോണ്ടിച്ചേരിയുമായി ബന്ധപ്പെടുന്ന അവസ്ഥയിൽ അവർക്ക് പുതിയ ബസ് സർവ്വീസ് ഉപകാരപ്രദമാകുകയും ചെയ്യും. കൂടാതെ പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിർദ്യാർത്ഥികൾക്കും ഈ സർവ്വീസ് ​ഗുണകരമാകും.

കണ്ണൂരിൽ നിന്നും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട്, കോയമ്പത്തൂർ, സേലം, ആത്തൂർ, നെയ്വേലി, കടലൂർ വഴി പിറ്റേ ദിവസം രാവിലെ 7.45 ന് പോണ്ടിച്ചേരിയിൽ എത്തിച്ചേരും. പോണ്ടിച്ചേരിയിൽ നിന്നും വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 8.45 ന് കണ്ണൂരും എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക.

കണ്ണൂർ എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് സ്വാ​ഗതം ആശംസിക്കും. എംപി മാരായ കെ. സുധാകരൻ, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും. കണ്ണൂർ മേയർ ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങി മറ്റ് ജനപ്രതിനിധികൾ, കക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, കെഎസ്ആർടിസി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!