///
12 മിനിറ്റ് വായിച്ചു

“ആചാരലംഘനം”: കണ്ണൂരിൽ തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ജീവനക്കാരനെതിരെ നടപടി

കണ്ണൂരില്‍ ആചാരലംഘനം  നടത്തിയെന്ന പേരില്‍ ക്ഷേത്രം ജീവനക്കാരന് എതിരെ നടപടി. തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും വാദ്യ കലാകാരനുമായ എം.വി.വേണുഗോപാല്‍ ആണ് നടപടി നേരിടുന്നത്.സഹോദരിയുടെ മകളുടെ പ്രസവത്തെ തുടര്‍ന്ന് വാലായ്മ പാലിച്ചില്ല എന്ന പരാതിയിലാണ് നടപടി. വാലായ്മ ഉള്ളയാള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനോ വാദ്യകാരനായി അകമ്ബടി സേവിക്കാനോ പാടില്ലെന്നാണ് ആചാരം. വേണുഗോപാലിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ക്ഷേത്രം അധികൃതരുടെ തീരുമാനം. സഹോദരിയുമായി അകന്നു കഴിയുന്നതിനാല്‍ സംഭവം അറിയാത്തതിനെ തുടര്‍ന്നാണ് വാലായ്മ പാലിക്കാത്തത് എന്നാണ് ജീവനക്കാരന്റെ വിശദീകരണം.കഴിഞ്ഞ 28 വര്‍ഷമായി തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വഴിപാട് ക്ലര്‍ക്കായി സേവനമനുഷ്ഠിക്കുകയുണ് 51 കാരനായ വേണുഗോപാല്‍ . നീലേശ്വരത്ത് താമസിക്കുന്ന സഹോദരിയായ എം.വി. അനിതയാണ് വേണുഗോപാലിന് എതിരെ പരാതി നല്‍കിയത്. “വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴു വര്‍ഷവുമായി ഞാന്‍ സഹോദരിയുമായി അകന്ന് കഴിയുകയാണ്. അതു കൊണ്ടാണ് സഹോദരിയുടെ മകളുടെ പ്രസവം അറിയാതിരുന്നത്. മനഃപൂര്‍വം ആചാരം ലംഘിക്കാന്‍ ഉദേശിച്ചില്ല,” വേണുഗോപാല്‍ ന്യൂസ് 18 നോട് പറഞ്ഞു. കണ്ണൂര്‍ കാനൂലിലാണ് വേണുഗോപാല്‍ താമസിക്കുന്നത്.കഴിഞ്ഞ 14ന് തന്റെ മകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം വേണുഗോപാലിന്റെ ഭാര്യയെ വാട്ട്സാപ്പ് വഴി അറിയിച്ചതായി സഹോദരി അനിത ക്ഷേത്രം അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യ വിവരം വേണുഗോപാലിനെ അറിയിച്ചതായി തന്നോട് പറഞ്ഞതായും അനിത പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്ന ഭാര്യ തന്നെ വിവരം അറിയിച്ചില്ലന്നാണ് വേണുഗോപാലിന്റെ വിശദീകരണം. പതിനഞ്ചാം തീയതി ക്ഷേത്രം അധികൃതര്‍ തന്നെ പരാതിയെ കുറിച്ച്‌ അറിയിച്ചപ്പോഴാണ് സഹോദരിയുടെ മകള്‍ പ്രസവിച്ച കാര്യം അറിഞ്ഞത് എന്നാണ് വേണുഗോപാല്‍ പറയുന്നത്.സംഭവത്തില്‍ ക്ഷേത്രം അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വേണുഗോപാല്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!