കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി. ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് വിധിയിൽ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവും റദ്ദാക്കി. സർവകലാശാല നടപടി ചട്ട വിരുദ്ധമെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറഞ്ഞിരുന്നു.ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന ഗവർണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സംബന്ധിച്ച് സർവ്വകലാശാല ഉത്തരവ് ചട്ട വിരുദ്ധമാണെന്നും കോടതി വിലയിരുത്തിയിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.