ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ കടുത്ത പദപ്രയോഗവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി സി ക്രിമിനാലാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്നും ഗവര്‍ണര്‍ ആരോപിച്ചു. പാര്‍ട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാന്‍സിലര്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയതായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദില്ലിയില്‍ പറഞ്ഞു.
2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ ക്രമിനല്‍ എന്ന് വിളിച്ചത്. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സിലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
കണ്ണൂര്‍ സര്‍കലാശാലയെ തകര്‍ത്തുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സിലര്‍ പാര്‍ട്ടി കേഡറാണെന്ന ആരോപണം ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിരവധി അനധികൃത നിയമനങ്ങള്‍ വിസി നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. കേരളസര്‍വകലാശാല പ്രമേയം പാസാക്കിയതില്‍ ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എന്നാല്‍ നിയമോപദേശപ്രകാരം മുന്‍പോട്ട് പോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.