തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പൊതു താല്പര്യ ഹർജിയായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹർജി സിംഗിൾ ബെഞ്ചിൽ നില നിൽക്കില്ലെന്നും, പൊതു താല്പര്യ ഹർജിയായാണ് പരിഗണിക്കേണ്ടതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കണ്ണൂർ വിസിയുടെ പുനർനിയമനം ചോദ്യം ചെയ്തു യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.രാമചന്ദ്രൻ കീഴോത്ത് നൽകിയ ഹർജി ജസ്റ്റിസ് അമിത് റാവലാണ് പരിഗണിക്കുന്നത്. സർക്കാർ നടപടി കണ്ണൂർ സർവ്വകലാശാല സെക്ഷൻ 10 വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും യു ജി സി ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. വിസി നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി റദ്ധാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. 2017 നവംബർ മുതൽ ഈ മാസം നവംബർ 22 വരെയായിരുന്നു വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. ഇത് പിന്നീട് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിസിക്ക് പുനർനിയമനം നൽകുന്നത്.