കാന്തപുരം എ പി അബൂബക്കര്‍ മുസലിയാർ, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം എതിര്‍ത്തു. വൈസ് ചാന്‍സലറുടെ അനുവാദത്തോടെ സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുള്‍ റഹ്മാനായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി ലിറ്റ് നല്‍കുന്നതിനുള്ള ശുപാര്‍ശ. കാന്തപുരവും വെള്ളാപ്പള്ളിയും സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനം നടത്തുന്നു എന്നാണ് പ്രമേയത്തില്‍ പറയുന്നത്. വൈസ് ചാന്‍സലറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു.
അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തീരുമാനം ഡി ലിറ്റ് നല്‍കുന്നതിനായി രൂപീകരിച്ച സബ് കമ്മിറ്റിക്ക് വിട്ടു. ഡോ വിജയരാഘവന്‍, ഡോ വിനോദ് കുമാര്‍, ഡോ റഷീദ് അഹമ്മദ്, എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് പ്രമേയം പരിഗണനയിലെടുക്കുക.