കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തിയതോടെ പശ്ചിമ ബംഗാളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. യുകെയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിനൊപ്പം ദില്ലിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ച്ചയുമാക്കി ചുരുക്കി.