///
22 മിനിറ്റ് വായിച്ചു

തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാന്‍ കാശി – തമിഴ് സംഗമം; പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി വാരണാസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും. തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാന്‍ പരിപാടി വഴിയൊരുക്കും. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് പുണ്യനഗരമായ വാരണാസിയില്‍ കാശി-തമിഴ് സംഗമം സംഘടിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ദ്രാവിഡ സംസ്‌ക്കാരത്തെക്കുറിച്ചും തമിഴ്‌നാടിന്റെ ഭക്ഷണരീതികളെ കുറിച്ചും സംഗീതത്തെ കുറിച്ചും പരിപാടി നേര്‍ക്കാഴ്ച നല്‍കും.

പരിപാടിയുടെ ഭാഗമായി വാരണാസിയിലെ ആംഫി തിയേറ്റര്‍ ഗ്രൗണ്ടില്‍ തമിഴ്നാടിന്റെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന 75- ഓളം സ്റ്റാളുകള്‍ ഒരുക്കും. സ്റ്റാളുകളില്‍ തമിഴ്നാട്ടിലെ ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും കൈത്തറികളും പ്രദര്‍ശിപ്പിക്കും. ഇതിനുപുറമെ സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കി തരുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. 30 ദിവസത്തെ കാശി തമിഴ് സംഗമത്തില്‍ 51 സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മീനാക്ഷി ചിത്തരഞ്ജന്റെ ഭരതനാട്യം, തമിഴ്നാട്ടിലെ നാടോടി സംഗീതം, ഇരുള വിഭാഗത്തിന്റെ ഉൾപ്പെടെ ആദിവാസി നൃത്തങ്ങള്‍, വില്ലുപട്ട എന്ന മ്യൂസിക്കല്‍-സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ സാംസ്‌കാരിക പരിപാടികളാണ് അവതരിപ്പിക്കുക. പുരാണ ചരിത്ര നാടകം, ശിവപുരാണം, രാമായണം, മഹാഭാരതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പാവകളിയും ഉണ്ടായിരിക്കും.

12 ഗ്രൂപ്പുകളായി തിരിഞ്ഞ് ഏകദേശം 2500 മുതല്‍ 3000ത്തോളം ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് വാരണാസിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് വാരണാസിയിലേക്ക് 2 ദിവസത്തെ യാത്ര ഉള്‍പ്പെടെ 8 ദിവസമായിരിക്കും ഓരോ സംഘത്തിന്റെയും യാത്ര. രണ്ട് ദിവസം വാരണാസിയില്‍ തങ്ങുന്ന സംഘം ഗംഗാസ്നാനത്തിന് പ്രസിദ്ധമായ ഹനുമാന്‍ ഘട്ട്, സുബ്രഹ്മണ്യഭാരതിയുടെ വസതി, കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ് പുരാവസ്തു മ്യൂസിയം, ഗംഗാ ആരതി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ബോട്ട് യാത്ര നടത്തുകയും ചെയ്യും. വാരണാസിയിലെ പരിപാടിക്ക് ശേഷം പ്രയാഗ്രാജിലേക്കും അയോധ്യയിലേക്കും ഒരു യാത്ര കൂടി ഉണ്ടാകും. ഇതിനായി രാമേശ്വരം, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 3 ട്രെയിനുകളില്‍ 3 പ്രത്യേക കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഐടി ചെന്നൈയെയും ബനാറസ് ഹിന്ദു സര്‍വകലാശാലയെയും പരിപാടിയുടെ നോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാരാണസിയിലെത്തുന്ന ഗ്രൂപ്പുകള്‍ക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നവംബർ19 മുതല്‍ 20 വരെ വിദ്യാര്‍ഥികള്‍ക്ക്, 22 മുതല്‍ 23 വരെ കരകൗശല വിദഗ്ധര്‍ക്ക്, 23 മുതല്‍ 24 വരെ സാഹിത്യകാരന്മാര്‍ക്ക്, 26 മുതല്‍ 27 വരെ ആത്മീയ രംഗത്തുള്ളവർക്ക്, 30 മുതല്‍ ഡിസംബര്‍ 1 വരെ വ്യവസായികള്‍ക്ക്, ഡിസംബര്‍ 2, 3 തീയതികളില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക്, ഡിസംബര്‍ 4, 5 തീയതികളില്‍ പൈതൃകവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക്, ഡിസംബര്‍ 7, 8 തീയതികളില്‍ പുതിയ സംരംഭകര്‍ക്ക്, ഡിസംബര്‍ 8, 9 തീയതികളില്‍ പ്രൊഫഷണലുകള്‍ക്ക് എന്നിങ്ങനെയാണ് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്.

കൂടാതെ, ഡിസംബര്‍ 10, 11 തീയതികളില്‍ ക്ഷേത്ര പൂജാരിമാരും പ്രധാന പൂജാരിയും അടങ്ങുന്ന ഒരു സംഘം കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 13, 14 തീയതികളില്‍ ഗ്രാമീണ കര്‍ഷകരും ഡിസംബര്‍ 15, 16 തീയതികളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. രണ്ടാം ദിവസം ഈ ഉപ ഗ്രൂപ്പുകള്‍ക്ക് 3 മണിക്കൂര്‍ തീം- റിലേറ്റഡ് പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. അതില്‍ 7 എണ്ണം ബിഎച്ച്‌യുവിലും 2 എണ്ണം ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിലും 3 എണ്ണം ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററിലും സംഘടിപ്പിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!