കൊച്ചി: തടിയന്‍റവിടെ നസീർ ഉൾപ്പെട്ട കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തം ആക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണ കോടതി ഒഴിവാക്കിയതിനെതിരെ എന്‍ഐഎ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു. രണ്ടാം പ്രതി എംഎച്ച് ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ട പ്രതികളും, എൻ ഐ എ യും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻഎന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്. എൻ ഐ എ കോടതി ശിക്ഷ ചോദ്യം ചെയ്ത് തടിയന്‍റവിട നസീർ, സർഫറാസ് നവാസ്, സാബിർ. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്. പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻ.ഐ.എയുടെ അപ്പീൽ. തടിയന്‍റവിടെ നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. 13 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം അടക്കമുള്ള ശിക്ഷ വിധിച്ചത്.കശ്മീരിൽ കൊല്ലപ്പെടുന്നതിനു മുൻപു മലയാളികളായ നാലു പ്രതികൾ കശ്മീരിലെ ഒരു ബിഎസ്എൻഎൽ നമ്പരിൽ നിന്ന് കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.