ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ പിതാവും മക്കളും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കണ്ടക്ടറെ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പുതുവല്‍ വെളിവീട്ടില്‍ രാജേഷ് (46) മക്കള്‍ ഇന്ദ്രജിത്ത് (22),യാദവ് (20), ദേവനാരായണന് (18),സുഹൃത്ത് അനന്തു എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബട്ടര്‍ ഫ്ലൈ ബസില്‍ മദ്യപിച്ചെത്തിയ രാജേഷ് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ അബ്ദുള്‍ റസാഖുമായി തര്‍ക്കമുണ്ടായി. പിന്നീട് രാജേഷ് അമ്പനാകുളങ്ങരയില്‍ ബസിറങ്ങി മക്കളെ വിളിച്ചു വരുത്തുകയായിരുന്നു. മണ്ണഞ്ചേരി സ്റ്റാന്റില്‍ ആളുകളെ ഇറക്കിയതിനു ശേഷം
ആലപ്പുഴയിലേക്ക് തിരിച്ച ബസ്സ് അമ്പനാകുളങ്ങര എത്തിയപ്പോള്‍ രാജേഷ് തടയുകയും ബസ് ജീവനക്കാരായ അബ്ദുള്‍ റസാക്കിനെയും വിഷ്ണുവിനേയും മര്‍ദ്ദി ക്കുകയായിരുന്നു. ഈ തര്‍ക്കത്തിനിടയില്‍ യാദവ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് കണ്ടക്ടറായ റസാഖിന്റെ മുതുകില്‍ അടിച്ചു.
സംഭവം കണ്ട് ഭയന്ന യാത്രക്കാര്‍ നിലവിളിച്ച് നാട്ടുകാര്‍ ഓടിക്കൂടുകയും പ്രതികളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എസ് ഐ കെ ആര് ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ ബെന്നി, സിപിഒ മാരായ വിഷ്ണു, ഗോപകുമാര്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയല്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.