നടൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സുരാജ് സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ അന്വേഷണ സംഘം പരിശോധിക്കും . ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നും അന്വേഷിക്കും.ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞ മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് റിപ്പോർട്ട്. മൊഴിയിലെ വൈരുധ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിൻ്റെ സഹോദരി ഭർത്താവ് സൂരജിൽ നിന്ന് കൂടുതൽ മൊഴി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.