തിരുവനന്തപുരം: സമസ്ത മേഖലകള്‍ക്കും മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിട്ടും കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ ചെറുകിട വ്യാപാര മേഖലയിലെ തകര്‍ച്ചയെ നേരിടുവാന്‍ സഹായകമാകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തത് നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലാവുകയും, സാമ്പത്തിക പ്രതിസന്ധിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പോലും സഹായം പ്രഖ്യാപിച്ചില്ലായെന്നതും ഈ മേഖലയിലെ നിരാശ വര്‍ദ്ധിപ്പിക്കുന്നു. ചെറുകിട വ്യാപാര മേഖലയെ ഇത്രയും അവഗണിച്ച ബജറ്റ് ഉണ്ടായിട്ടില്ല. സമസ്ത മേഖലകളിലേയും വിഷയങ്ങള്‍ ഗൗരവമായി പഠിച്ച്, ആയതിന്റെ പരിഹാരങ്ങളും പുതിയ ആശയങ്ങളും മുന്നോട്ട് വച്ച ധനമന്ത്രി ചെറുകിട വ്യാപാര മേഖലയെ വിട്ടു പോയത് മനപ്പൂര്‍വ്വം എന്ന് വിശ്വസിക്കുന്നില്ല. ചെറുകിട വ്യാപാര മേഖലയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബജറ്റ് സമ്പൂര്‍ണ്ണമാക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.