കണ്ണൂര്‍: : കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കണ്ണൂര്‍ ജില്ലയില്‍ പ്രൗഢമായ തുടക്കം. ഗാന്ധിയനും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ വാണിദാസ് എളയാവൂരിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമിട്ടത്. കോണ്‍ഗ്രസിന്റെ പൈതൃകം ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. മൂന്നു ഘടകങ്ങളാണ് എനിക്ക് കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരകമാകുന്നത്. ഒന്ന് അതിന്റെ മഹത്തായ പൈതൃകം. രണ്ട് സോഷ്യലിസത്തിലും മതേതരനിരപേക്ഷതയിലും അടിയുറച്ചു നിലകൊള്ളുന്ന സുതാര്യമായ പ്രത്യയശാസ്ത്രം, മൂന്നാമതൊന്ന് ഗാന്ധിജി തൊട്ടിങ്ങോട്ട് കോണ്‍ഗ്രസിന്റെ നേതൃനിര. ഈ മൂന്നു ഘടകങ്ങളാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രസക്തിയെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. ചെറിയ തിരിച്ചടികള്‍ കോണ്‍ഗ്രസിനുണ്ടാകുമ്പോള്‍ മറ്റു പാര്‍ട്ടികളിലേക്ക് കൂടു മാറാന്‍ ആലോചിക്കുന്നവരെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ.സി മുഹമ്മദ് ഫൈസല്‍, സുരേഷ് ബാബു എളയാവൂര്‍ ,ബ്ലോക് ഭാരവാഹികളായ സതീശന്‍ ബാവുക്കന്‍, മോഹനന്‍ എന്നിവരും സംബന്ധിച്ചു.മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ജില്ലയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസെടുക്കാനും ഓരോ ബ്ലോക്കില്‍ നിന്ന് ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ കെപിസിസി ഭാരവാഹികള്‍, കെപിസിസി മെമ്പര്‍മാര്‍ , ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, പി ടി മാത്യു, എ ഡി മുസ്തഫ, , വി എ നാരായണന്‍, സജീവ് മാറോളി,ചന്ദ്രന്‍ തില്ലങ്കേരി , എം നാരായണൻ കുട്ടി, കെ പ്രമോദ് ,എം പി ഉണ്ണികൃഷ്ണൻ ,രജനി രമാനന്ദ്, കെ സി മുഹമ്മദ് ഫൈസല്‍ ,ഹരിദാസ് മൊകേരി എന്നിവര്‍ സംസാരിച്ചു.