മാന്നാര്‍ മഹാത്മ വള്ളംകളിക്കിടെ ചെറുതന ചുണ്ടെന്റെ അമരക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്. പൊലീസ് ബോട്ട് ക്ലബിന്റെ ചുമതലയുള്ള എ.ആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇന്നലെ വൈകിട്ട് നടന്ന 56-ാം മാന്നാര്‍ മഹാത്മാഹാന്ധി ജലോത്സവത്തിനിടെ നിരണം ചുണ്ടന്‍ തുഴഞ്ഞ പൊലീസുകാര്‍ ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തിലിടുകയായിരുന്നു. കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ കിരീടം സ്വന്തമാക്കുമെന്നായപ്പോഴായിരുന്നു നീക്കം. ഇത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ചെറുതന ചുണ്ടന്‍ ഒഴുക്കില്‍ പെട്ട് മുങ്ങുകയായിരുന്നു.
പൊലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെയും തുഴക്കാരെയും സുരക്ഷക്കെത്തിയ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. ചതിയിലൂടെ ഒന്നാം സ്ഥാനത്ത് എത്തിയ നിരണം ചുണ്ടന് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് വള്ളംകളി പ്രേമികളും മറ്റ് തുഴക്കാരും സംഘടിക്കുകയായിരുന്നു.
പ്രതിഷേധം ഉയര്‍ത്തിയവരെയും കണ്ടു നിന്നവരെയും ക്രൂരമായി തല്ലി ചതച്ചുന്നാണ് ആരോപണം. സുരക്ഷ ഒരുക്കേണ്ട പൊലീസ് തന്നെ അക്രമങ്ങള്‍ അഴിച്ചു വിട്ടുവെന്ന് ചെറുതന ചുണ്ടന്റെ സംഘാടകര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.