/
14 മിനിറ്റ് വായിച്ചു

‘തല്ലിയ ശേഷം പൊലീസ് ആയിരം രൂപ തന്നുവിട്ടു’; മോഷണക്കുറ്റമാരോപിച്ച് മര്‍ദ്ദിച്ചെന്ന് ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍

മോഷണകുറ്റം ആരോപിച്ച് ഇതര സംസ്ഥാനക്കാരായ ദമ്പതികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൊനാലി, പോള്‍ട്ടു ശര്‍മ ദമ്പതികളെയാണ് ആലുവ മുപ്പത്തടം പൊലീസ് മര്‍ദിച്ചത്. സ്റ്റേഷനില്‍ പൊലീസ് മര്‍ദിച്ച് അവശനാക്കിയ ഭര്‍ത്താവിനെ കണ്ട് സൊനാലി വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു.

ജോലി ചെയ്ത വീട്ടില്‍ നിന്നും സ്വര്‍ണ്ണവള മോഷ്ടിച്ചെന്ന ഉടമസ്ഥന്റെ പരാതിയെ തുടര്‍ന്നാണ് ദമ്പതികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവള വീട്ടുജോലിക്കെത്തിയ സൊനാലി മോഷ്ടിച്ചെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സൊനാലിയുടെ രൂപ സാദൃശ്യമുള്ളയാളാണ് മോഷണം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്വര്‍ണവള കാണാതായത്.

വീട്ടുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച ആലുവ മുപ്പത്തടം പൊലീസ് ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എടുത്ത സ്വര്‍ണം തിരികെ നല്‍കിയാല്‍ കേസെടുക്കില്ലെന്നായിരുന്നു പൊലീസ് ഭാഷ്യമെന്ന് പോള്‍ട്ടു ശര്‍മ്മ പറയുന്നു. എന്നാല്‍ താന്‍ സ്വര്‍ണവള എടുത്തിട്ടില്ലെന്ന് സൊനാലി ആവര്‍ത്തിച്ചിട്ടും പൊലീസ് വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് ഇരുവരേയും വിട്ടയച്ചെങ്കിലും ചൊവ്വാഴ്ച്ച വീണ്ടും വരാന്‍ ആവശ്യപ്പെട്ടു.

തൊട്ടടുത്ത ദിവസം ചോദ്യം ചെയ്യലിനെത്തിയ സൊനാലിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് പോള്‍ട്ടു പറയുന്നു. സ്റ്റേഷനില്‍ വനിത പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും പുരുഷ പൊലീസ് ഭാര്യയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സൊനാലിയെ വിട്ടയച്ച പൊലീസ് പോള്‍ട്ടുവിനെ സ്റ്റേഷനില്‍ നിര്‍ത്തി ചോദ്യം ചെയ്തു. ഇന്നലെ മുതല്‍ തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ലാത്തിയെടുത്ത് കാലിന്റെ അടിയില്‍ തുടര്‍ച്ചയായി അടിച്ചുവെന്ന് പോള്‍ട്ടു പറയുന്നു.

ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ സൊനാലി അവശനായ പോള്‍ട്ടുവിനെ കണ്ട് മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൊനാലിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും മാറ്റി. സൊനാലി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് പോള്‍ട്ടുവിനെ വിട്ടയക്കുകയായിരുന്നു. വണ്ടികൂലിയായി ആയിരം രൂപ പൊലീസ് നല്‍കിയെങ്കിലും പോള്‍ട്ടു വാങ്ങാന്‍ വിസമ്മതിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!