കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റേയും കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിന്റേയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ (പുരുഷ – വനിത ) ചാമ്പ്യൻഷിപ്പ് 2022 ജൂലൈ 16 മുതൽ 19 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ദേശീയ – അന്തർദേശീയ വോളി താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. പുരുഷ വിഭാഗത്തിൽ 14 ഉം വനിതാ വിഭാഗത്തിൽ 11 ടീമുകളും മത്സരിക്കും. വർഷങ്ങൾക്ക് ശേഷമാണ് ഒരു അന്തർ ജില്ലാ വോളിബോൾ മത്സരത്തിന് കണ്ണൂർ ആഥിത്യം വഹിക്കുന്നത്.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 16 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് കണ്ണൂർ നിയോജക മണ്ഡലം എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ വിശിഷ്ടാതിഥിയാവും കണ്ണൂർ മേയർ ടി.ഒ.മോഹനൻ , കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിബ്യൻ മേഴ്സി കുട്ടൻ എന്നിവർ മുഖ്യാഥിതികളാവും. സംസ്ഥാന വോളി ബോൾ അസോസിയേഷനെ കേരള സ്പോർട്സ് കൗൺസിൽ പിരിച്ചതിനെ തുടർന്നാണ് മത്സരം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്.
ഈ മത്സരത്തിൽ നിന്നും ഇരു വിഭാഗങ്ങളിലെയും സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായുള്ള പ്രചരണ വോളി 14 ന് 4.30 ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂർ നയിക്കുന്ന കണ്ണൂർ പ്രസ് ക്ലബും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖരൻ നയിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിലും തമ്മിൽ മത്സരിക്കും .സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ പി എസ് , മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വീനീത് , മീഡിയ പ്രതിനിധികൾ, കായിക സംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും കാണികൾക്ക് ഗാലറിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ഇൻഡോർ സ്റ്റേഡിയത്തിലെ വുഡൻ പ്രതലത്തിൽ ഇന്റർനാഷണൽ നിലവാരത്തിലുള്ള ടറാ ഫ്ലക്സ് മാറ്റ് വിരിച്ചാണ് ഫീൽഡ് ഓഫ് പ്ലേ ഒരുക്കിയിട്ടുള്ളത് . 16 ന് രാവിലെ 7.30 ന് ആരംഭിക്കുന്ന ആദ്യ ദിവസത്തെ മത്സരം 9 കളികളോടെ രാത്രി 10 മണിയോടെ അവസാനിക്കും, രണ്ടാo ദിനം രവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ 8 മാച്ചസ് പൂർത്തിയാക്കി രാത്രിയോടെ അവസാനിക്കും. മൂന്നാം ദിനം രാവിലെ 9 മണിക്കും 10.30 നുമായും ഉച്ചയ്ക്ക് ശേഷം 3,30 നും 5:30 നുമായും സെമി ഫൈനൽ മത്സരങ്ങൾ നടക്കും. 19 ന് രാവിലെ ലൂസേഴ്സ് ഫൈനൽ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം 3.30 ന് വനിതാ വിഭാഗം ഫൈനലും , 5.30 ന് പുരുഷ വിഭാഗം ഫൈനൽ മത്സരവും നടക്കും.
സഘാടക സമിതി ചെയർമാൻ പി.പി ദിവ്യ, സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ. പവിത്രൻ മാസ്റ്റർ , ഓർഗനൈസിംഗ് സെക്രട്ടറി ഡോ.പി.പി. ബിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.