തെരുവുനായ ശല്യം രൂക്ഷമായിരിക്കെ ഇവയെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി തുടങ്ങി.
ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ കൊണ്ട് വിടുന്നതിനുള്ള പ്രതിഫലം ഇരുനൂറിൽ നിന്ന് 300 രൂപയായി തദ്ദേശ വകുപ്പ് വർധിപ്പിച്ചു. ജില്ലാ തലത്തിൽ അപേക്ഷ ക്ഷണിച്ച് താൽപര്യമുള്ളവരെ എംപാനൽ ചെയ്ത് പരിശീലനം നൽകാനാണ് തീരുമാനം.
തദ്ദേശ മൃഗ സംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ, 2 ബ്ലോക്കുകൾക്ക് കീഴിൽ ഒരു എബിസി കേന്ദ്രം എന്ന തോതിൽ നടപ്പാക്കാനാണു തീരുമാനം. കുറഞ്ഞത് 150 പട്ടി പിടിത്തക്കാരുടെ സേവനം ആവശ്യമാണ്.
എല്ലാ കോർപറേഷനുകളിലും എബിസി യൂണിറ്റ് ആരംഭിക്കും.മുനിസിപ്പാലിറ്റികൾ എബിസി കേന്ദ്രങ്ങൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ ആരംഭിക്കണം. സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണു കണക്ക്. 2017 മുതൽ കഴിഞ്ഞ വർഷം വരെ കുടുംബശ്രീ മുഖേന 79,426 എണ്ണത്തെ വന്ധ്യംകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്നാണ് കുടുംബശ്രീ മുഖേനയുള്ള എബിസി പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞത്.
വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഒന്നിന് തുടങ്ങി. 15 വരെ തുടരും. കുത്തിവയ്പ് എടുത്താലേ വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകുകയുള്ളൂ.