കണ്ണൂർ: കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യിൽ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം. നാല് പതിറ്റാണ്ട് മുമ്പ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നൽകിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരൻ പി.പി. കുഞ്ഞിക്കണ്ണനാണ് നാരയണി തന്റെ വൃക്കകളിലൊന്ന് നൽകിയത്.
41 വർഷങ്ങൾക്ക് മുമ്പ് 1982 ലാണ് വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഇരു വൃക്കകളും തകരാറിലായ കുഞ്ഞിക്കണ്ണനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ വൃക്കദാനമല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് നാരയണി മുന്നോട്ടു വരികയായിരുന്നു.നാരായണി അടക്കം നാല് സഹോദരങ്ങളാണ് കുഞ്ഞിക്കണ്ണന് ഉണ്ടായിരുന്നത്. പക്ഷേ, രക്തഗ്രൂപ്പ് യോജിച്ചത് നാരയണിയുടേത് മാത്രം. നാരായണിയേക്കാൾ ഇരുപത് വയസ്സിന് ഇളയവനായ കുഞ്ഞിക്കണ്ണൻ പത്ത് വർഷം മുമ്പ് മരിച്ചു. നാരായണി തന്റെ 62ാം വയസ്സിലാണ് കുഞ്ഞിക്കണ്ണന് വൃക്ക നൽകുന്നത്. കുഞ്ഞിക്കണ്ണന് അന്ന് 42 വയസ്സ്.
അന്നത്തെ മുഖ്യമന്ത്രി മുഖ്യമന്ത്രി കെ. കരുണാകരന്റെയും ഗവർണർ ജ്യോതി വെങ്കിടാചലത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് കേരളത്തിൽ അപൂർവമായിരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു.ഒറ്റവൃക്കയുമായി ജീവിച്ച നാരയണിക്ക് വൃക്ക സംബന്ധമായ യാതൊരു അസുഖങ്ങളും വന്നിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.