കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയെന്ന് റിപ്പോർട്ട്. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ വേണ്ടി ബന്ധുവിന്റെ ബി ഫാമിന് പഠിക്കുന്ന മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു.
ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. കുട്ടിയെ തട്ടികൊണ്ടുപോയി തമിഴ്നാട്ടിലെ മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
മാർത്താണ്ഡത്താണ് ക്വട്ടേഷൻ നൽകിയ വിദ്യാർത്ഥി പഠിക്കുന്നത്. രണ്ടു ദിവസം കൊട്ടിയത്തുളള കുട്ടിയുടെ വീട്ടിൽ വന്ന് നിരീക്ഷിച്ചതിന് ശേഷമാണ് തട്ടികൊണ്ടു പോയത്. സംഘത്തിൽ ഒമ്പത് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ മാർത്താണ്ഡം സ്വദേശിയായ ബിജുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പാറശാല പൊലീസ് ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മറ്റ് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാറ് പിടിച്ചെടുത്തു.
കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാറശാലയില്‍ വെച്ച് സംഘത്തെ പൊലീസ് പിടികൂടി. കുട്ടി അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്.
കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തി. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രി 11.30ഓടെ സംഘത്തെ പാറശാലയില്‍ പൊലീസ് തടയുകയായിരുന്നു. ഈ സമയം കാറ് ഉപേക്ഷിച്ച് സംഘത്തിലെ രണ്ടുപേര്‍ കുട്ടിയുമായി ഓട്ടോയിലായിരുന്നു സഞ്ചരിച്ചിരുന്നത്. പൊലീസ് തടഞ്ഞതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു.
അബോധാവസ്ഥയിലായ കുട്ടി മദ്യപിച്ച് ബോധം പോയതാണെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് വെറും 100 മീറ്റര്‍ മുമ്പാണ് സംഘത്തെ പിടികൂടിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.