ചോരകിനിയുന്ന പോരാട്ടങ്ങളുടെ ചരിത്രഭൂമിയിൽ ഇന്ന് ചെമ്പതാക ഉയരും. സ്വാതന്ത്ര്യസമരഗാഥകൾ മുഴങ്ങിയ തേക്കിൻക്കാട് മൈതാനിയിലെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈകീട്ട് ദീപശിഖ തെളിയിക്കും. കിസാൻസഭ 35ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇതോടെ തുടക്കമാവും. 380 ദിവസം നീണ്ട മഹാകർഷകപ്രക്ഷോഭത്തിന്‍റെ വിജയവും സമരഭൂമിയിൽ ജീവൻനഷ്ടപ്പെട്ട 700ൽപ്പരം പോരാളികളുടെ സ്‌മരണകളും സമ്മേളനത്തിന് ഊർജം പകരും. തെലങ്കാന, കീഴ്‌വെൺമണി എന്നിവിടങ്ങളിൽ നിന്ന് ഡോ. വിജുകൃഷ്‌ണൻ, പി. കൃഷ്‌ണപ്രസാദ് , എം. പ്രകാശൻ, എസ്.കെ. പ്രീജ എന്നിവർ നേതൃത്വം നൽകിയ ദീപശിഖ റിലേയ്‌ക്ക് തിങ്കളാഴ്ച രാവിലെ ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ സ്വീകരണം നൽകി.
പുന്നപ്ര വയലാറിൽനിന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം. വിജയകുമാർ ക്യാപ്‌റ്റനും ജോ.സെക്രട്ടറി ജോർജ് മാത്യു മാനേജരുമായ പതാക ജാഥയെ രാവിലെ ജില്ലാ അതിർത്തിയായ കൊരട്ടി പൊങ്ങത്ത് സ്വീകരിച്ചു. കയ്യൂരിൽനിന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ക്യാപ്‌റ്റനും ജോ.സെക്രട്ടറി വി.എം. ഷൗക്കത്ത് മാനേജരുമായ കൊടിമര ജാഥയെ രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ കടവല്ലൂരിലും സ്വീകരിച്ചു. മൂന്നു ജാഥകളും അത്‌ലീറ്റുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ പ്രയാണം തുടരുന്നുണ്ട്. വഴിനീളെ സ്വീകരണങ്ങളേറ്റുവാങ്ങി പ്രയാണം തുടരുന്ന ജാഥകൾ വൈകിട്ട് നാലിന് തൃശൂർ ശക്തൻ നഗറിൽ സംഗമിക്കും.
വാദ്യങ്ങളുടെ അകമ്പടിയോടെ പൊതു സമ്മേളനനഗരിയിലേക്ക് എത്തിച്ചേരും. സംഘാടകസമിതി ചെയർമാനും മന്ത്രിയുമായ കെ. രാധാകൃഷ്‌ണൻ പതാക ഉയർത്തും. കിസാൻ സഭ അഖിലേന്ത്യ ജോ. സെക്രട്ടറി ഇ.പി. ജയരാജൻ ദീപശിഖ തെളിയിക്കും.
നാലുദിവസത്തെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച കെ. വരദരാജൻ നഗറിൽ (പുഴയ്‌ക്കൽ ലുലു കൺവൻഷൻ സെന്‍റർ) കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള ഉദ്‌ഘാടനം ചെയ്യും. വിദേശ സൗഹാർദ പ്രതിനിധികളുൾപ്പടെ 803 പ്രതിനിധികൾ പങ്കെടുക്കും. 16ന് വൈകിട്ട് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കിസാൻസഭ അഖിലേന്ത്യ പ്രസിഡന്‍റ് അശോക് ധാവ്‌ളെ, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.