തിരുവനന്തപുരം:എസ്‌എസ്‌എൽസി, പ്ലസ്ടു പൊതുപരീക്ഷ എഴുതുന്നവർക്ക് സംശയനിവാരണത്തിന് വ്യാഴംമുതൽ തത്സമയ ഫോൺ -ഇൻ പരിപാടിയുമായി കൈറ്റ് വിക്ടേഴ്‌സ്. എസ്‌എസ്‌എൽസിക്കാർക്ക് വൈകിട്ട് അഞ്ചരമുതൽ ഏഴുവരെയും പ്ലസ്ടുക്കാർക്ക് രാത്രി ഏഴരമുതൽ ഒമ്പതുവരെയും 1800 425 9877 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ചാൽ സംശയങ്ങൾക്ക് മറുപടി ലഭിക്കും.പത്താം ക്ലാസിന് വ്യാഴംമുതൽ ശനിവരെ യഥാക്രമം രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലും ഏഴാം തീയതി മുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിവയിലുമാണ് ലൈവ് ഫോൺ -ഇൻ. 12ന് ഭാഷാവിഷയങ്ങളും.പ്ലസ്ടുവിന് വ്യാഴംമുതൽ 12 വരെ രസതന്ത്രം, ഭൗതികശാസ്‌ത്രം, ചരിത്രം, ഗണിതം, സാമ്പത്തികശാസ്‌ത്രം, കംപ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ജീവശാസ്‌ത്രം, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, 13ന് ഭാഷാവിഷയങ്ങൾ, 14ന് പൊളിറ്റിക്കൽ സയൻസ് എന്നിങ്ങനെയാണ് ലൈവ് ഫോൺ-ഇൻ പരിപാടി. കൈറ്റ്-വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പത്താംക്ലാസ് രാത്രി ഏഴരയ്‌ക്കും പ്ലസ്ടു വൈകിട്ട് അഞ്ചരയ്‌ക്കും പുനഃസംപ്രേഷണം ചെയ്യും.