കൊച്ചി> കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിന അർഹയായി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെർഡിനാൻഡ് അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്‌ക്കൊപ്പം പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.
‘ഭരണകൂടങ്ങളുടെ മര്‍ദ്ദനങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന മാധ്യമപ്രവർത്തകരെ’ അന്തര്‍ദ്ദേശീയ തലത്തില്‍ ആദരിക്കുന്നതിനാണ് 1996 മുതല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കരിനിയമമായ യുഎപിഎ ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന ആദ്യത്തെ മാധ്യമ പ്രവര്‍ത്തകയാണ് ഷാഹിനയെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. 2008 ലെ ബംഗ്‌ളൂരു സ്‌ഫോടനക്കേസിൽ പൊലീസ് സാക്ഷിമൊഴികൾ വളച്ചൊടിച്ചു എന്ന് റിപ്പോർട്ട് ചെയ്‌തതിനാണ് ഈ കേസ്. മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലജാതി വിഭാഗങ്ങള്‍ക്കും വേണ്ടിയെഴുതുന്ന ഷാഹിനയെ നിശബ്ദയാക്കാന്‍, അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങള്‍ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തുന്നു.
നിലവില്‍ ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്ററായ ഷാഹിന 1997 മുതല്‍ 2007 വരെ ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കകാലത്ത് അവിടെ പ്രവർത്തിച്ചു. പിന്നീട് ജനയുഗം, തെഹൽക്ക, ദ ഓപ്പൺ, ദ ഫെഡറൽ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്‌തു. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജേർണലിസം ഡിപ്ലോമ നേടി. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദം. ബെംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിൽ നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് ലോയില്‍ പി ജി ഡിപ്ലോമയും കരസ്ഥമാക്കിയശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇഗ്നോയില്‍ നിന്നും പി ജി ഡിപ്ലോമയും നേടി. 2010 ലെ മികച്ച വനിതാ റിപ്പോര്‍ട്ടര്‍ക്കുള്ള ചാമേലി ദേവി ജെയ്ന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.