//
21 മിനിറ്റ് വായിച്ചു

‘കെ എൻ എ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ല’; സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് എം ടി രമേശ്

മുസ്ലീം ലീഗ് നേതാവ് കെഎൻഎ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ ആണ് കെഎൻഎ ഖാദർ പങ്കെടുത്തത്. ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ലെന്നും എം ടി രമേശ് പറഞ്ഞു. ‘കെ എൻ എ ഖാദർ പങ്കെടുത്തത് കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ ആണ്. അദ്ദേഹം എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതിലാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. ലീഗ് നടപടി എടുത്താൽ സംവാദങ്ങളെ ഭയപ്പെടുന്നു എന്നതാണ് അർത്ഥം. ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ല’, എം ടി രമേശ് പറഞ്ഞു.

അതേസമയം കെഎൻഎ ഖാദറിനെ മുസ്ലീം ലീഗ് പുറത്താക്കിയാൽ അദ്ദേഹം അനാഥനാകില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുളള ആളാകാൻ കെഎൻഎ ഖാദറിന് കഴിയുമെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കെഎൻഎ ഖാദറിനെ പിന്തുണച്ച് ആർഎസ്എസ് സംസ്ഥാന സഹ പ്രചാർ പ്രമുഖ് എൻ.ആർ മധുവും ഇന്നലെ രംഗത്തെത്തിയിരുന്നു. ആർഎസ്എസ് മുഖപത്രമായ കേസരിയുടെ ഓഫീസിലേക്ക് കെഎൻഎ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്‌നേഹിയായ വ്യക്തി എന്ന നിലയിലാണെന്നായിരുന്നു എൻ ആർ മധുവിന്റെ പ്രതികരണം.

അതേസമയം, സംഭവത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ലീഗ് നേതൃത്വം രംഗത്തെത്തി. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാൻ പറ്റുമോയെന്ന് ചിന്തിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് നേതാവ് എം കെ മുനീർ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും അദ്ദേഹത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.കെഎൻഎ ഖാദറിനെതിരെ മുസ്ലീം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചേക്കാനും സാധ്യതയുണ്ട്. പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കെഎൻഎ ഖാദറിനോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. കെഎൻഎ ഖാദർ ഇന്ന് പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകും. നിലവിൽ സംസ്ഥാന കമ്മറ്റി അംഗമാണ് കെഎൻഎ ഖാദർ.

കോഴിക്കോട് കേസരിയുടെ സംസ്‌കാരിക പരിപാടിയിൽ മതസംഹാർദത്തിന്റെ പേരിലാണ് പങ്കെടുത്തതെന്നാണ് കെഎൻഎ ഖാദർ നേരത്തെ വിശദീകരിച്ചത്.ആർഎസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയിൽ സംഘ്പരിവാർ നേതാക്കൾക്കൊപ്പം വേദി പങ്കിട്ടതിൽ കെ എൻ എ ഖാദർ വൻ വിമർശനങ്ങളാണ് നേരിടുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കെ എൻ എ ഖാദർ രംഗത്തെത്തിയിരുന്നു. മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കാനാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു പ്രതികരണം.നാട്ടിൽ വർഗീയ സംഘർഷങ്ങൾ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും കെ എൻ എ ഖാദർ പ്രതികരിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസിൽ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമർ ചിത്രം അനാവരണം ചെയ്യാനാണ് കെഎൻഎ ഖാദർ എംഎൽഎയെ ക്ഷണിച്ചിരുന്നത്. ആർഎസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദർശിയുമായ ജെ നന്ദകുമാർ പരിപാടിയിൽ കെഎൻഎ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!