മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു.കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്.ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിച്ചു.നിലവില്‍ മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. ജെ നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്ത് ആരംഭിച്ച പ്രസംഗത്തില്‍ താന്‍ ഉത്തരേന്ത്യയില്‍ പല മതങ്ങളുടേയും ആരാധനാലയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം അതിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ ആശയമെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.സംഭവത്തില്‍ മുന്‍ എംഎല്‍എക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.