പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം 20 മുതൽ ഗർഭിണികൾക്കുള്ള സ്പെഷ്യൽ ഒ.പി. – ‘ജീവദ ക്ലിനിക്ക്’ (ആന്റി നാറ്റൽ സ്പെഷ്യൽ ഒ.പി.) തുടങ്ങും. എല്ലാ ബുധനാഴ്ചയും രാവിലെ എട്ടുമുതൽ ഒന്നുവരെയായിരിക്കും പ്രവർത്തനസമയം.ഗർഭധാരണപൂർവ പരിചരണത്തിനും ഗർഭിണികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനും സുഖപ്രസവത്തിനും ഗർഭസ്ഥശിശുവിന്റെ ശരിയായ വളർച്ചയ്ക്കും ഗർഭിണികളിൽ കാണപ്പെടുന്ന ഛർദി, വിളർച്ച, നടുവേദന തുടങ്ങിയവക്കുമുള്ള ആയുർവേദ പരിചരണം ലഭ്യമാകും. ആവശ്യമുള്ള സന്ദർഭങ്ങളിൽ ആധുനിക വൈദ്യസഹായവും ലഭ്യമാണെന്നും സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ അറിയിച്ചു.നിലവിൽ തിങ്കൾമുതൽ ശനിവരെ പ്രവർത്തിച്ചുവരുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം ഒ.പി.യിൽ ഗർഭാശയരോഗങ്ങൾ, ആർത്തവസംബന്ധമായ രോഗങ്ങൾ, വന്ധ്യത, പി.സി.ഒ.ഡി., ആർത്തവവിരാമവുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള വിദഗ്ധ ചികിത്സ ലഭ്യമാണെന്ന് പ്രസൂതിതന്ത്ര സ്ത്രീരോഗവിഭാഗം മേധാവി ഡോ. എസ്.ടി. ആശ അറിയിച്ചു.