കണ്ണൂർ: കൂടുതൽ സബ് സ്റ്റേഷനുകളും പ്രസാരണ ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസാരണ-വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ജില്ലയിൽ പുരോഗമിക്കുന്നു.
220 കെ.വി.ജി.ഐ.എസ് തലശ്ശേരി സബ്സ്റ്റേഷൻ പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച 220 കെ.വി ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ.വി സബ്സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മാങ്ങാട്, അഴീക്കോട് 110 കെ.വി സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങും.
പെരിയ, ബദിയടുക്ക, ആനന്ദപുരം, കാസർകോട് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൗൺ, പടന്നപ്പാലം, നാടുകാണി, ആലക്കോട്, കുറ്റ്യാട്ടൂർ എന്നീ 33 കെ.വി സബ്സ്റ്റേഷനുകളുടെ പരിധിയിലും വൈദ്യുതി തടസ്സപ്പെടുമെന്ന് ഷൊർണൂർ ട്രാൻസ്ഗ്രിഡ് നോർത്ത് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസാരണനഷ്ടം കുറക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസ്സമില്ലാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കുന്നത്.