കണ്ണൂര്‍: അന്തരിച്ച സൈനികന്റെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാട്ടിയതായി ആക്ഷേപം. കഴിഞ്ഞ ദിവസം അസം ഷില്ലോങ്ങില്‍ താമസസ്ഥലത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണപ്പട്ട തളിപ്പറമ്പ് ബക്കളത്തെ സൈനികനായ മുതിരക്കാല്‍ പി.വി. ഉല്ലാസിന്റെ മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയെന്ന് ബിജെപി ആരോപിച്ചു.
‘മട്ടന്നൂര്‍ ഏയര്‍പോര്‍ട്ടില്‍ ഉല്ലാസിന്റെ മൃതദേഹമെത്തിച്ചപ്പോള്‍ ഏതെങ്കിലും ജനപ്രതിനിധികളോ കളക്ടറോ മറ്റ് ഉയര്‍ന്ന് ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്തിച്ചേര്‍ന്നില്ല. സ്ഥലം എംഎല്‍എയോ മുനിസിപ്പല്‍ ചെയര്‍പേഴ്സണോ സ്ഥലത്തെത്തിയിരുന്നില്ല. കേവലം തഹസില്‍ദാര്‍ മാത്രമാണ് ചടങ്ങിന് ഏയര്‍പോര്‍ട്ടിലെത്തിയത്’.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉല്ലാസിന്റെ മൃതദേഹത്തില്‍ പുഷ്പചക്രമര്‍പിച്ചു.
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൃത്യവിലോപവും അനാസ്ഥയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പറഞ്ഞു . രാജ്യത്തിന്റെ സുരക്ഷയ്ക്ക് ജീവിതം മാറ്റിവെച്ചവരാണ് സൈനികര്‍. എന്നാല്‍ സൈനികന്റെ മൃതദേഹം ജില്ലയിലെത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തിലെത്താഞ്ഞത് സംഭവം ശ്രദ്ധയില്‍പ്പെടാത്തതു കൊണ്ടാണോ അല്ലെങ്കില്‍ ബോധപൂര്‍വ്വമുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു .
ജനപ്രതിനിതികളും ഉദ്യോഗസ്ഥരും ഒന്നും അറിഞ്ഞില്ലെന്ന നിലയിലാണ് പെരുമാറിയത്.ഏയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴ്സണും ബോധപൂര്‍വ്വം അലംഭാവം കാട്ടിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഹരിദാസ് പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, വി.വി. ചന്ദ്രന്, കെ.കെ. ധനഞ്ജയന്, മണ്ഡലം പ്രസിഡന്റ് ജിതിന്, പി.എസ്. പ്രകാശ് എന്നിവരും എയര്‍പോര്‍ട്ടിലെത്തിയിരുന്നു.