കണ്ണൂർ : സ്കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ലഹരി സംഘത്തിന്റെ വലയിൽപെട്ട സഹപാഠി തന്നെ ലഹരി നൽകി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെൺകുട്ടി വെളിപ്പെടുത്തി.
പ്രണയം നടിച്ച് അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നൽകി നഗ്നവീഡിയോ പകർത്തിയെന്നും അതിജീവിത വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാത്ഥികൾക്കിടയിൽ മയക്കു മരുന്ന് കൈമാറുന്നതെന്നും സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികളും ഉണ്ടെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപാഠിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കേസിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.