കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക് നിയമനം നൽകിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലറുടെ വസതിയിലേക്ക് മാർച്ച് നടത്തി.ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വി.സി വസതിക്കുമുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.സി.പി.എം നേതാക്കൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രിയ വർഗീസിന്റെ നിയമന തീരുമാനം പുറത്ത് വന്നതിന് പിന്നാലെ രാത്രിയിൽ തന്നെ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു രംഗത്തെത്തിയത്.
ഏറെ നേരം തുടർന്ന പ്രതിഷേധത്തിനിടയിൽ ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി നേതാക്കൾ ഉൾടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.ഏറെ നേരത്തേ ബാലപ്രയോഗത്തിന് ശേഷം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉൾപടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.സമരത്തിന് കെ.എസ്.യു നേതാക്കളായ ഫർഹാൻ മുണ്ടേരി,ആദർശ് മാങ്ങാട്ടിടം, ആഷിത് അശോകൻ,രാഗേഷ് ബാലൻ,അബിൻ ബിജു വടക്കേക്കര,അലേഖ് കാടാച്ചിറ,നിവേദ് ചൊവ്വ,അർജുൻ ചാലാട് തുടങ്ങിയവർ നേതൃത്വം നൽകി.