/
14 മിനിറ്റ് വായിച്ചു

കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും

കൊച്ചി > കളമശേരിയിലെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സമീപകാലത്ത് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൊച്ചിയിലെയും സമീപപ്രദേശത്തെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ആധുനിക മുഖമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്.  ആര്‍ദ്രം മിഷനിലൂടെ രോഗി സൗഹൃദ, ജനസൗഹൃദ ആശുപത്രികള്‍ ഒരുക്കുക എന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ ആശുപത്രികളിലും സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്നു.  ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍  ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ശൈലി ആപ്പ് രൂപീകരിച്ചു. ജീവിതശൈലി രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി കൃത്യമായി ചികിത്സ ഉറപ്പുവരുത്തുകയും രോഗം വരാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌ക്രീനിങ്ങിലൂടെ ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിസ്, ഗ്യാസ്ട്രബിള്‍, ക്യാന്‍സര്‍ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായും, നിരവധി ആളുകളില്‍ വരാന്‍ സാധ്യതയുള്ളതായും കണ്ടെത്തി.

സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും കാന്‍സര്‍ ഗ്രിഡ് രൂപീകരിച്ചു. ജനറല്‍ ആശുപത്രിയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന തൂവല്‍ സ്പര്‍ശം സ്തനാര്‍ബുദ നിര്‍ണയ പദ്ധതി മികച്ചതാണ്. മരുന്നുകള്‍ കഴിക്കാതെ തന്നെ ജീവിതശൈലിയിലെ മാറ്റം കൊണ്ട് ജീവിതശൈലി രോഗങ്ങളെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത ഘട്ടത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!