കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി.
പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നൽകിയത്.
സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓർത്തെടുക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അധിക്ഷേപിച്ച് പോസ്റ്റിടുന്നത്. വിവാദങ്ങളിൽ എന്നും അകപ്പെടുന്ന ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു മന്ത്രിസ്ഥാനത്ത് കോടിയേരിയുടെ വിജയം.
തുരുമ്പെടുത്ത നീല ജീപ്പ് ഇന്ന് കേരളത്തിൽ ഒരിടത്തും പൊലീസിന്റെ ഔദ്യോഗിക വാഹനമല്ല. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് കോടിയേരിയുടെ ആഭ്യന്തരകാലത്തിന്‍റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാന്‍ കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്.
സേനയുടെ പ്രവർത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിയുടെ അധികാര കാലം മാറ്റം വരുത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി വന്നിട്ട് ഒന്നരപതിറ്റാണ്ടാകുന്നു.നാലരപതിറ്റാണ്ട് മുൻപ് ലാത്തിയടിയേറ്റ വിദ്യാർത്ഥി രാഷ്ട്രീയക്കാരനിലെ വേദനയുണ്ടായിരുന്നു കോടിയേരിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയാം.
പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്. സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്‍സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്താണ്.
രാഷ്ട്രീയ ലാത്തിയേന്തിയതിന്റെ പേരിൽ കരുണാകരന്‍റെ പൊലീസെന്നും പിണറായിയുടെ പൊലീസെന്നും കേരളം കേട്ടിട്ടുണ്ടെങ്കിലും, കോടിയേരിയുടെ പൊലീസെന്ന് കേള്‍പ്പിച്ചതേയില്ല. അതുകൊണ്ടാണ് ചരിത്രത്തിലേക്ക് നോക്കി കോടിയേരിയിലെ ആഭ്യന്തരമന്ത്രിക്ക് കേരളം നീണ്ടുനിവര്‍ന്ന് സല്യൂട്ട് അടിക്കുന്നത്.