കണ്ണൂർ: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈയിൽ നിന്നും കണ്ണൂരിലെത്തി.സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനുൾപ്പെടെയുളള നേതാക്കൾ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തലശ്ശേരി ടൗൺഹാളിലേക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. വിലാപയാത്ര കടന്നു പോകുന്ന 14 കേന്ദ്രങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്.
മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക. തലശ്ശേരി ടൗൺഹാളിൽ രാത്രി 12 വരെ പൊതുദർശനമുണ്ടാകും.
തിങ്കളാഴ്ച പത്ത് മണി മുതൽ മാടപ്പീടികയിലെ അദ്ദേഹത്തിന്റെ വസതിയിലും 11 മണിക്ക് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. പാർട്ടി ഓഫിസിലേക്കുള്ള വിലാപയാത്രയ്ക്കിടയിലും വാഹനത്തിൽ പൊതുദർശന സൗകര്യം ഒരുക്കും.
പയ്യാമ്പലത്തെ സംസ്കാര ചടങ്ങിൽ ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.കോടിയേരിക്ക് ആദരമർപ്പിക്കാനായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു.
കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേർപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്മരിച്ചിരുന്നു. അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്.