തലശ്ശേരി മുൻ എം.എൽ.എയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണക്ക് തലശ്ശേരി പ്രസ് ഫോറവും തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കും പ്രസ് ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ദൃശ്യമാധ്യമ അവാർഡ് റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ. രോഷിപാലിന്. ഡിസംബർ 31ന് രാവിലെ 11ന് പ്രസ്‌ഫോറം ഹാളിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്‌റ്റ് എം. മുകുന്ദൻ അവാർഡ് സമ്മാനിക്കും.
പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ജില്ല ഇൻഫർമേഷൻ ഓഫീസർമാരായ ഇ.കെ. പത്മനാഭൻ (കണ്ണൂർ), കെ. മധുസൂദനൻ (കാസർകോട്), പി.ആർ.ഡി റിട്ട. റീജനൽ ഡെപ്യൂട്ടി ഡയരക്‌ടർ കെ.യു. ബാലകൃഷ്‌ണൻ, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കാരായിചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ സംപ്രേക്ഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തയാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പുരസ്കാരത്തിനായി പരിഗണിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കോടിയേരിയുടെ പേരിൽ മാധ്യമ അവാർഡ് ഏർപ്പെടുത്തുന്നത്. ‘ഓർമകളിൽ കോടിയേരി’ സ്‌മരണികയും തയാറായി വരികയാണ്.
നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവാകുന്ന റിപ്പോർട്ടാണ് രോഷിപാലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മംഗളം ദിനപത്രത്തിൽ അഞ്ച് വർഷത്തോളം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ലേഖകനായിരുന്ന രോഷിപാൽ മംഗളം ടെലിവിഷന്‍റെ കാസർകോട്, കോഴിക്കോട് ബ്യൂറോ ചീഫായും മിഡിൽ ഈസ്റ്റ് റീജണൽ എഡിറ്ററായും ജോലിചെയ്‌തു.
തൽസമയം പത്രത്തിന്‍റെ കോഴിക്കോട് ബ്യൂറോ ചീഫായിരുന്നു. മൂന്ന് വർഷമായി റിപ്പോർട്ടർ ടി.വിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്. ജൂനിയർ ചേംമ്പർ ഇൻറർനാഷനൽ വടകര ചാപ്റ്റർ പ്രസിഡന്‍റ്, വടകര മിഡ് ടൗൺ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ശ്രീന രോഷിപാൽ. മകൾ: ദക്ഷ രോഷിപാൽ (വിദ്യാർത്ഥിനി, പട്ടം സെൻറ് മേരീസ് ഹൈസ്കൂൾ, തിരുവനന്തപുരം). വാർത്താ സമ്മേളനത്തിൽ പ്രസ്‌ഫോറം പ്രസിഡന്‍റ് നവാസ് മേത്തർ, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കാരായി ചന്ദ്രശേഖരൻ, പ്രസ്‌ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്‌മാരക ലൈബ്രറി സെക്രട്ടറി പി. ദിനേശൻ, പ്രസ്‌ഫോറം സെക്രട്ടറി എൻ. സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.