സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. ഉച്ചതിരിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഇന്നലെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു.
പാര്‍ട്ടി നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കോടിയേരി ബാലകൃഷ്ണന്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന ആശംസകളുമായി നേതാക്കള്‍. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖും മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബുമാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചത്.
‘ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തി ബന്ധങ്ങള്‍ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന ശ്രീ കോടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ.’ പി കെ അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.
‘എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മ്മപഥത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീ കോടിയേരി ബാലകൃഷ്ണന് സാധിക്കട്ടെ എന്നാശംസിക്കുന്നു.’ ടി സിദ്ദിഖ് പറഞ്ഞു.
15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടിയേരി ബാലകൃഷ്ണന്‍ അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്.