കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍. ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായി പത്രപരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്. നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു.നോട്ടീസില്‍ പേരടിച്ചുവന്ന ശേഷം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നര്‍ത്തകി മന്‍സിയ വിപിക്ക് അവസരം നിഷേധിക്കുകയായിരുന്നു. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഇവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഏപ്രില്‍ 21ന് വൈകീട്ട് നാലു മുതല്‍ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് അഹിന്ദുവായതിനാല്‍ നടത്താന്‍ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതെന്ന് ഇവര്‍ പറയുന്നു.
യു പ്രദീപ് മേനോന്റെ വാക്കുകള്‍: കൂടല്‍മാണിക്യം ഉത്സവം ദേശീയ സംഗീത നൃത്ത മഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നും 800ല്‍ അധികം കലാകാരന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്.ക്ഷേത്ര മതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് നടത്തുന്നത്.ഇതാണ് കൂത്തമ്പലം. പത്ര പരസ്യം നല്‍കിയാണ് കലാകാരന്മാരെ ക്ഷണിക്കുന്നത്. അനുയോജ്യമായിട്ടുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള ഹൈന്ദവരായ കലാകാരന്മാര്‍ക്ക് പരിപാടിയുടെ വിശദ വിവരങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം എന്ന് പരസ്യത്തില്‍ വ്യക്തമായി പറയുന്നുണ്ട്.ഇത്തരത്തില്‍ 100ലധികം അപേക്ഷയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. വിദഗ്ദ സമിതിയാണ് അപേക്ഷ പരിശോധിച്ച് ഏത് സ്ലോട്ട് വേണമെന്ന് തീരുമാനിക്കുന്നത്.അതിന്റെ അടിസ്ഥാനത്തില്‍ ഈ കലാകാരിയെ തീരുമാനിക്കപ്പെട്ടു.അടുത്ത നടപടി എഗ്രിമെന്റ് ഉണ്ടാക്കുക എന്നുള്ളതാണ്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഇമെയിലായും സംസ്ഥാനത്തിനുള്ളിലുള്ളവര്‍ നേരിട്ട് അയക്കുകയുമാണ് പതിവ്. അത്തരത്തില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിളിച്ചപ്പോഴാണ് ഹിന്ദുവല്ലെന്നും ഇവരുടെ പശ്ചാത്തലം വെളിപ്പെടുത്തുകയും ചെയ്യുന്നത്. മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് ഇവര്‍ പറഞ്ഞുവെന്നാണ് എന്റെ അറിവ്. നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.അഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ ഇന്ന് സാധ്യമല്ല. ഇതാണ് രീതി. അതവരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ട്.