കൂത്തുപറമ്പ് : ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി. ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ ഉദ്ഘാടനം ചെയ്യും. നേരത്തെ താലൂക്ക് ജയിലായും പിന്നീട് പോലീസ് സ്റ്റേഷനായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌പെഷ്യൽ സബ് ജയിൽ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ അനുവദിച്ച 3.30 കോടി രൂപ ഉപയോഗിച്ചാണ് ജയിൽ നിർമാണം പൂർത്തിയാക്കിയത്. ഏഴ് മീറ്റർ ഉയരമുള്ള കൂറ്റൻ കോൺക്രീറ്റ് ചുറ്റുമതിൽ, ഗേറ്റ്, അടുക്കള, ജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറികൾ, ബാത്ത് റൂം, ഓഫീസ്, സെല്ലുകൾ എന്നിവ ജയിലിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. 50-നും 60-നുമിടയിൽ അന്തേവാസികളെ പാർപ്പിക്കാനുള്ള സൗകര്യത്തോട് കൂടിയതാണ് ജയിൽ. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നും റിമാൻഡ് ചെയ്യുന്ന പ്രതികളെയാണ് കൂത്തുപറമ്പ് സബ് ജയിലിൽ പാർപ്പിക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജയിൽ നിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പല കാരണങ്ങളാൽ നിർമാണ പ്രവൃത്തി പൂർത്തിയാവുന്നത് വൈകുകയായിരുന്നു.
ഓർമയാകുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഇടിമുറികൾ
ബ്രിട്ടീഷുകാർ നിർമിച്ച പഴയ ജയിൽമുറികളും പഴയ പോലീസ് സ്റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തി നിർമിച്ച പുതിയ സബ്ജയിൽ അവശേഷിപ്പിക്കുന്നത് കേരളീയ സമൂഹം ഒന്നാകെ ചർച്ച ചെയ്ത ഒട്ടേറെ സംഭവങ്ങൾ. അടിയന്തരാവസ്ഥക്കാലത്ത് ഇന്നത്തെ കേരള മുഖ്യമന്ത്രിയുൾപ്പെടെയുള്ള നിരവധി നേതാക്കൾക്ക് കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത് പഴയ സ്റ്റേഷൻ കെട്ടിടത്തിന്റെ ഇടിമുറികളിലാണ്. കൂത്തുപറമ്പ് എം.എൽ.എ. ആയിരിക്കുമ്പോഴാണ് പിണറായിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ലോക്കപ്പിലടച്ച തന്നെ ഉയർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മർദിച്ചതെന്ന് പിണറായി പറഞ്ഞിരുന്നു.തന്റെ ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി 1975-ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം അടിയന്തരാവസ്ഥ കാലത്തെ ഭീകരാവസ്ഥയുടെ നേർചിത്രമായിരുന്നു.നിരവധി രാഷ്ട്രീയനേതാക്കൾക്ക് കൂത്തുപറമ്പ് ലോക്കപ്പിൽ മർദനമേൽക്കേണ്ടി വന്നു.1871-ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കോട്ടയം രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന കോട്ടയം അങ്ങാടിയിൽ ആദ്യമായി പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.1878-ൽ കൂത്തുപറമ്പ് കോടതി, സബ്ജയിൽ എന്നിവയോടനുബന്ധിച്ച് പോലീസ് സ്റ്റേഷൻ മാറ്റിസ്ഥാപിച്ചു. പിന്നീട് തലശ്ശേരിയിൽ സബ്ജയിൽ വന്നതോടെയാണ് കൂത്തുപറമ്പ് സബ്ജയിൽ പ്രവർത്തനരഹിതമായത്. എന്നാൽ പിന്നീട് ഏറെക്കാലം പോലീസ് ലോക്കപ്പായും സർക്കിൾ ഇൻസ്പെക്ടർ ഓഫീസായും പ്രവർത്തിച്ചത് ഈ കെട്ടിടമായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപുതന്നെ സബ്ജയിലിലെ കൊടിമരത്തിൽ ബ്രിട്ടീഷുകാരുടെ പതാക താഴ്ത്തി ഇന്ത്യൻ പതാക ഉയർത്തിയ ചരിത്രവുമുണ്ട്.