//
18 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. ഓണ്‍ലൈനായും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്ട്രര്‍ ചെയ്യാം.കൊവാക്‌സിന്‍ ആണ് കൗമാരക്കാര്‍ക്കായി നല്‍കുക. കൗമാരക്കാര്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇന്നും നാളെയും പ്രത്യേക വാക്‌സിന്‍ യജ്ഞമുണ്ടാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കുമുള്ള വാക്‌സിനേഷന്‍ അടുത്തയാഴ്ചയാണ് തുടങ്ങുക.

വാക്‌സിനേഷന് അര്‍ഹരായ, 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാര്‍ സംസ്ഥാനത്തുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയല്‍ രേഖ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്‌കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റര്‍ ചെയ്യാം. ഒരു മൊബൈല്‍ നമ്പറില്‍ നാല് പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാനാവും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല.കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് നല്‍കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ എന്‍ കെ അറോറ പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്ന് ഡോ എന്‍ കെ അറോറ പറഞ്ഞു. കൗമാരക്കാരുടെ വാക്സിനേഷന്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

add

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്. എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണവും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്തും.സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതല്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മതിയാകും. ഈ ഏജ് ഗ്രൂപ്പില്‍ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാല്‍ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമിക്രോണ്‍ പശ്ചത്തലത്തില്‍ കുട്ടികളുടെ വാക്സിനേഷന്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!