ഇരുമ്പ് വടികൊണ്ട് തെരുവ് നായുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെഎസ്ഇബി ഡ്രൈവർ അറസ്റ്റിൽ. കാറിന്റെ ബമ്പറിൽ കടിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പട്ടം വൈദ്യുതി ഭവനിൽ കെ.എസ്.ഇ.ബി ഡ്രൈവറായ മുരളി തെരുവ് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ചത്. സംഭവത്തിൽ പീപ്പിൾ ഫോർ അനിമൽസ് നൽകിയ പരാതിയിൽ മുരളിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.പാർക്കിങ് ഏരിയയിലുള്ള കാറുകളുടെ ബമ്പറിൽ കടിച്ചതിനെ തുടർന്നാണ് മുരളി നായയെ ക്രൂരമായി ഉപദ്രവിച്ചത്. കണ്ടുനിന്നവർ നായയെ അടിക്കരുതെന്ന് പറഞ്ഞുവെങ്കിലും മുരളി ഉപദ്രവം തുടരുകയായിരുന്നു. ഇയാൾ നായയെ അടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പീപ്പിൾ ഫോർ അനിമൽസ് ഭാരവാഹികൾ എത്തിയപ്പോൾ തല പൊട്ടി അവശനായ നിലയിലായിരുന്നു നായ. ഉടനെ ആശുപത്രിയിലെത്തിച്ച നായയുടെ തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്ന് ഇടത് കണ്ണ് ശസ്ത്രക്രിയ ചെയ്ത് മാറ്റി. അടിയന്തിര ചികിത്സക്ക് ശേഷം നായയെ പീപ്പിൾ ഫോർ അനിമൽസിന്റെ ഷെൽറ്ററിലേക്ക് മാറ്റി.പീപ്പിൾ ഫോർ അനിമൽസ് നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത മുരളിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കെഎസ്ഇബിയിൽ വർഷങ്ങളായി കരാറടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് മുരളി. എന്നാൽ സംഭവത്തെത്തുടർന്ന് മുരളിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി കെഎസ്ഇബി അറിയിച്ചു.